Sunday, 23 December 2012

സവ്യസാചി



യന്ത്ര ഊഞ്ഞാലില്‍ കയറിയപാടേ
ഒരു വിഭ്രമത്തിനും പാങ്ങില്ലാതെ
ബോധരഹിതനായി സവ്യേട്ടന്‍
ഈ തക്കത്തിന് ഞാന്‍ അദ്ദേഹവുമായി
ഒരു അഭിമുഖം തരപ്പെടുത്തുന്നത് താഴെ:

ഞാന്‍ :സവ്യേട്ടാ ,സവ്യേട്ടാ
എന്റെ ഓര്‍മയില്‍ അങ്ങയുടെ വീട്ടില്‍
കൂട്ടിയിട്ട പുസ്തകങ്ങളുടെ ഒരു മുറിയുണ്ട്
കാപ്പിയും കുരുമുളകും പോലെ
പുസ്തകങ്ങളെ ഒരു മുറിയില്‍
കൂമ്പാരമാക്കിയിടാന്‍ താങ്കളെ പ്രേരിപ്പിച്ചതെന്താണ്?
സവ്യേട്ടന്‍ : മിണ്ടുന്നില്ല

ഞാന്‍ :വിജയന്‍ ,സക്കറിയ ,മുകുന്ദന്‍ ,സച്ചിദാനന്ദന്‍
തടിയന്‍ റഷ്യന്‍ പുസ്തകങ്ങള്‍
അവയുടെ കൂമ്പാരത്തില്‍ നിന്ന്
താങ്കള്‍ എഴുന്നേറ്റു നടക്കുന്ന
ഈ പതിനാലേക്കര്‍ കാപ്പിത്തോട്ടം
എല്ലാം കൈമോശം വന്നിട്ടും
താങ്കളെങ്ങനെ കാത്തു?

സവ്യേട്ടന്‍ : മിണ്ടുന്നില്ല

ഞാന്‍ :ഒരു കാലത്ത് സര്‍ക്കാര്‍
വഴിയോരങ്ങളില്‍ വനവല്‍ക്കരണപരിപാടിയുടെ ഭാഗമായി
നട്ടുപിടിപ്പിച്ച ഗ്രാന്റീസുകള്‍ വെട്ടിക്കളയാന്‍ പ്രകൃതിസംരക്ഷണസമിതിയുമായി
താങ്കള്‍ പോയി...
ഇപ്പോള്‍ മകന്‍ തൂങ്ങിമരിച്ച ഈ കാപ്പിമരത്തെ
താങ്കള്‍ വെട്ടാത്തതെന്ത്?
ഒരുവന്‍ ആത്മഹത്യ ചെയ്യാന്‍ ഒരു മരത്തെ
തെരഞ്ഞെടുക്കുമ്പോള്‍ ആ മരത്തിന്റെ
ആ‍യുസ്സു കൂടി തീരേണ്ടതല്ലേ?

സവ്യേട്ടന്‍ : തല കുനിക്കുന്നു

ഞാന്‍ :കടുത്ത യുക്തിവാദിയായ താങ്കള്‍
ആറെസ്സുസ്സുകാര്‍ക്ക് പിരിവുപോലും കൊടുക്കാതെ
ഓടിച്ചുവിട്ടിരുന്ന താങ്കള്‍
എല്ലാ പുരോഗമനകൃതികളും വായിച്ചിട്ടും
എങ്ങനെ വി.എച്ച്.പിക്കാരനായി.

സവ്യേട്ടന്‍ : ആലോചിക്കുന്നു

ഞാന്‍ : പ്രകൃതി ചികിത്സയുടെ കടുത്ത ആരാധകനായിത്തീര്‍ന്ന താങ്കള്‍
അലോപ്പതി ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന്
ഭാര്യ രക്തം ഛര്‍ദ്ദിച്ച് മരിക്കാനിടയായതില്‍
ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടോ?

സവ്യേട്ടന്‍ : തൊണ്ട ശരിയാക്കുന്നു

ഞാന്‍ : പുസ്തകങ്ങളുടെ കൂമ്പാരങ്ങള്‍ക്ക്
ഒരു മുറി നല്‍കിയിട്ടും
അതിനെച്ചവിട്ടി അങ്ങോട്ടുമിങ്ങോട്ടും നടന്ന്
ബാല്യകൌമാരങ്ങള്‍ പിന്നിട്ട
താങ്കളുടെ മക്കളൊന്നും
അതിലൊരു പുസ്തകവും വായിച്ചുനോക്കാഞ്ഞത്
എന്തുകൊണ്ടാവും?

സവ്യേട്ടന്‍ : ##$$$**@@

ഞാന്‍ : യുക്തിവാദവും നിരീശ്വരവാദവും
ഒരു ദിവസം പെട്ടെന്ന് പൂട്ടിവെക്കുകയും
ദൂരനാട്ടില്‍ നിന്നുള്ള ജ്യോതിഷിയെ
വീട്ടില്‍ വിളിച്ചുവരുത്തി
തുടര്‍ച്ചയായി പ്രശ്നവിചാരങ്ങളും
ഹോമങ്ങളും താങ്കള്‍ നടത്തുകയുണ്ടായി.
എന്നിട്ടും മകന്‍ ആത്മഹത്യ ചെയ്തു
അവന്റെ അമ്മ ലീലേടത്തി രക്തം ഛര്‍ദ്ദിച്ചു മരിച്ചു
തൊഴുത്തിലെ കാലികള്‍ ഒന്നൊന്നായി
അകാരണമായി ചത്തുവീണു...
ഒരു കടുത്ത കമ്മ്യൂണിസ്റ്റുകാരനോട്
ദൈവം തക്കം നോക്കി
പകവീട്ടിയതാണോ?

സവ്യേട്ടന്‍ :ഒന്നും മിണ്ടുന്നില്ല

ഞാന്‍ :ഭാര്യയുടെയും മകന്റെയും
മരണശേഷം താങ്കള്‍ക്ക് പണിക്കാരിപ്പെണ്ണുങ്ങളുമായി
അവിഹിതമുണ്ടായിരുന്നെന്നും അവരെല്ലാം
താങ്കളെ കബളിപ്പിച്ചെന്നും കേള്‍ക്കുന്നുണ്ട്.
താങ്കള്‍ നിഷേധിക്കുമോ?

സവ്യേട്ടന്‍ :

ഞാന്‍ : ഭാര്യയുടെ മരണം കഴിഞ്ഞ ഉടനെ
രണ്ടാം വിവാഹം കഴിക്കുകയും
കൂടെയുള്ള മകള്‍ക്ക് ഭ്രാന്ത് പിടിച്ചതിനാല്‍
വിവാഹമോചനം തേടേണ്ടി വരികയും ചെയ്തത്
ആ സ്ത്രീയോട് ചെയ്ത അനീതിയല്ലേ?

(ഇനിയും പലതും ചോദിക്കാനുണ്ട്.പക്ഷേ പുള്ളി മിണ്ടുന്നില്ല. മാത്രമല്ല യന്ത്രഊഞ്ഞാല്‍ നിന്നു.)

1 comment:

പ്രൊമിത്യൂസ് said...

ഓരോ കവിതയും ആസ്വാദനത്തിന്റെ ഓരോ തലത്തിലേക്ക് നയിക്കുന്നു

Post a Comment