ഈ കവിതഎഴുതിത്തുടങ്ങി ഏതാണ്ട്
രണ്ടരമാസം പിന്നിട്ടപ്പോള്‍
എന്റെ കാമുകി എന്നെ
വിട്ടുപോയി.അവള്‍ക്കുവേണ്ടിയാണ്
ഞാനിതെഴുതിത്തുടങ്ങിയത്.ഇനി
ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല.അതുകൊണ്ട്
യന്ത്ര ഊഞ്ഞാലില്‍ ഇനിയും
കഥയില്ലാതിരിക്കുന്ന
കഥാപാത്രങ്ങളേ നിങ്ങള്‍
ഇറങ്ങിപ്പോകൂ.നിങ്ങള്‍ക്ക്
വേറെ പണിയില്ലേ?ഈ
യന്ത്ര ഊഞ്ഞാല് എന്റേതാണ്.ഇതില്‍
ഞാനിനി ഒറ്റയ്ക്കിരുന്ന്
കറങ്ങും.കറങ്ങിക്കറങ്ങി
ബോധക്ഷയം വന്ന് എനിക്ക്
മരിക്കണം.വേഗതയ്ക്ക്
ഒരാളെ കൊല്ലാനാവുമോ എന്ന
പരീക്ഷണമാണ്.ഇത്
വിജയിച്ചാല്‍ ഈ കണ്ടെത്തല്‍
എന്റെ പേരിലറിയപ്പെടും.മരിച്ചാലും
പ്രശസ്തിയും കൊണ്ടേ ഞാന്‍
പോകൂ.
നിരാശ
കൊണ്ട് എന്റെ കാമുകി ഞാന്‍
വൃത്തികെട്ടവനാണെന്ന്
പറയും.എന്റെ
പുസ്തകങ്ങള്‍ കത്തിച്ച്
ആനന്ദിക്കും.എന്റെ
പടം ഫോട്ടോഷോപ്പിലിട്ട്
വികൃതമാക്കി രസിക്കും.എന്റെ
ചിരി അപ്പോള്‍ അന്തരീക്ഷത്തില്‍
മുഴങ്ങും.കൊതുകിനെപ്പിടിക്കുന്ന
ബാറ്റുമായി എന്റെ ചിരി
അടിച്ചുവീഴ്ത്താന്‍ അവള്
മുറിയിലാകെ നടക്കും.അവള്‍ക്കു
വട്ടായെന്ന വിശ്വാസത്തില്‍
അവളുടെ വീട്ടുകാര്‍ കൂടുതല്‍
നയത്തോടെ കൂടുതല്‍ സ്നേഹത്തോടെ
പെരുമാറും.അവരുടെ
മനസ്സിലിരുപ്പ് അവള്‍ക്ക്
പിടികിട്ടും.അവള്
ക്ഷുഭിതയാവും.വീട്ടുകാര്‍
അവളെ കെട്ടിയിടും.വണ്ടിവിളിച്ച്
മനോരോഗാശുപത്രിയില്‍
എത്തിക്കും.അപ്പോഴും
അന്തരീക്ഷത്തില്‍ എന്റെ ചിരി
മുഴങ്ങും.
ഞാനും
അവളും മാത്രം കെട്ടിപ്പിടിച്ച്
ഈ യന്ത്ര ഊഞ്ഞാലില്‍ ലോകാവസാനം
വരെ കറങ്ങും.
ഓരോ
കറക്കത്തിനും വേഗത കൂടും.വേഗത
കൂടിക്കൂടി ഞങ്ങള്‍ കാഴ്ചയില്‍
നിന്ന് മറയും.വേഗത
കൂടിക്കൂടി ഞങ്ങള്‍ വേര്‍തിരിക്കാന്‍
പറ്റാത്തവിധം ഒന്നായിപ്പോവും.
കാഴ്ചക്കാരേ,നിങ്ങളൊന്നൊന്നായ്
തല കറങ്ങി വീഴ് എന്ന ആഹ്വാനം
നിങ്ങള്ക്കനുസരികാനാവും.യന്ത്ര
ഊഞ്ഞാല് ഒരാള്‍ക്കും
നിറുത്താനാവില്ല.എന്റെ
കാമുകി എന്നെ ഉപേക്ഷിച്ചതോടെ
യന്ത്ര ഊഞ്ഞാല് പ്രവര്‍ത്തിപ്പിച്ചിരുന്ന
ചെറുക്കനെ ഞാന്‍ പറഞ്ഞുവിട്ടു.ഞാന്‍
കറങ്ങ്ക്കൊണ്ടിരിക്കുകയാണ്;നിങ്ങളും.നമ്മള്
പരസ്പരം കാണുന്നുണ്ട് ,ഒരു
മൂടല്‍മഞ്ഞിലൂടെ.
2 comments:
ശെൻറമ്മോ കിടിലം വരികൾ.... ! അഭിനന്ദനങ്ങൾ... !
ഉം.... എനിക്കും കറങ്ങണം ...അങ്ങനെയെങ്കിലും എൻറ പ്രിയതമയെ ഒന്നും കൂടെ ഒന്നു കാണാൻ പറ്റുമല്ലോ.... ! ( കുറച്ചു കണക്കു വിവരങ്ങൾ അവതരിപ്പിക്കാനുണ്ടേ..... !
യന്ത്ര ഊഞ്ഞാൽ = ജീവിതചക്രം
Post a Comment