Wednesday, 15 August 2012

ജോര്‍ജ്ജേട്ടന്‍



യന്ത്ര ഊഞ്ഞാല്‍ കറങ്ങിത്തുടങ്ങുന്നു
ജോര്‍ജ്ജേട്ടനും അന്നമ്മേച്ചിയും
ഒരുമിച്ചിരുന്ന് പൊന്തുന്നു
ഒരുമിച്ചിരുന്ന് താഴുന്നു
താഴുമ്പോള്‍ അകത്തുനിന്നെന്തോ പൊന്തുന്നു
അന്നമ്മേച്ചി കര്‍ത്താവേ എന്നുവിളിച്ച്
ജോര്‍ജ്ജേട്ടനെ വട്ടം പിടിക്കുന്നു
ജോര്‍ജ്ജേട്ടന്‍ ആരെപ്പിടിക്കുമെന്നറിയാതെ
തമ്പുരാനേ എന്ന് ആകാശത്തേക്ക് നോക്കുന്നു
തമ്പുരാന്‍ കണ്ടോ എന്തോ?
അന്നമ്മേച്ചി കുരിശുവരയ്ക്കുന്നു
യന്ത്ര ഊഞ്ഞാല്‍ വേഗം കൂട്ടുന്നു
ജോര്‍ജ്ജേട്ടന് തലകറങ്ങുന്നു
ജോര്‍ജ്ജേട്ടന്‍ കുരുമുളക് പറിക്കുന്നു
ജോര്‍ജ്ജേട്ടന്‍ റബര്‍പ്പാല് സൈക്കിളില്‍ വെച്ച്
അതിവേഗം ചവിട്ടിപ്പോവുന്നു
എല്ലാവരും വട്ടംചുറ്റിപ്പിടിച്ചിട്ടും
ജെസിച്ചേച്ചി കുതറുന്നു
ജെസിച്ചേച്ചി കടിക്കുന്നു
ജെസിച്ചേച്ചി മാന്തുന്നു
ജെസിച്ചേച്ചി ഓടുന്നു
ഒരുനാടു മുഴുവന്‍ പിന്നാലെ ഓടുന്നു
ജോര്‍ജ്ജേട്ടന്‍ നോക്കുമ്പോള്‍
അടുത്ത സീറ്റില്‍ ചിരിച്ചിരിക്കുന്നു ജെസിച്ചേച്ചി
ക്രൂരമായി നോക്കുന്നു
കഴുത്തിനു പിടിക്കാന്‍ വരുന്നു.
ജോര്‍ജ്ജേട്ടന്‍ പിന്നിലേക്ക് നോക്കുന്നു
ജോര്‍ജ്ജേട്ടന്‍ മുന്നിലേക്ക് നോക്കുന്നു
എല്ലാ സീറ്റുകളിലും ജെസിച്ചേച്ചി
താഴെ നോക്കുമ്പോള്‍ താഴെ
നിര്‍ത്തിയേടത്തുമുണ്ട് ഒരു ജെസിച്ചേച്ചി
എവിടെപ്പോയി അന്നമ്മ?
അടുത്ത സീറ്റിലെ ജെസിച്ചേച്ചി
ജോര്‍ജ്ജേട്ടന്റെ കഴുത്തുപിടിച്ച് ഞെക്കുന്നു
ജോര്‍ജ്ജേട്ടന്‍ കുതറുന്നു
ജോര്‍ജ്ജേട്ടന്റെ മുണ്ട് ഒരു വെളുത്ത പതാകയായി
താഴേക്ക് പതുക്കെ വീഴുന്നു
താഴെ നില്‍ക്കുന്ന ജെസിച്ചേച്ചി അതുകണ്ട് ചിരിക്കുന്നു
ജെസിച്ചേച്ചി ഒരു കുഴി കുഴിച്ച്
അതിലിരുന്ന് ബൈബിള്‍ വായിക്കുന്നു
കഴുത്തിലെ പിടി മുറുകുന്നു
വായില്‍ നിന്ന് രക്തം വരുന്നു
യന്ത്രഊഞ്ഞാലിന്റെ വേഗം കുറയുന്നു

1 comment:

Post a Comment