നമ്മള്‍ ജെസിച്ചേച്ചിയെ എടുക്കുന്നു
ജെസിച്ചേച്ചി
ഇപ്പോള്‍ ഒരുകുത്ത് ചീട്ട്
നമ്മളത്
നമ്മുടെ കയ്യില്‍വെച്ച്
പരത്തുന്നു
എല്ലാ
ചീട്ടും ജെസിച്ചേച്ചി
ഓരോചീട്ടിലും
ഓരോമുഖം ഓരോ കാലം
ഒരു ചീട്ടില്‍ നിന്ന് എന്റെ ജെസിച്ചേച്ചി
ഇറങ്ങിയോടുന്നു
അവര്‍
അത്ലറ്റാണ്.
ആരും
ഓടിയെത്തുകയില്ല അവര്‍ക്കൊപ്പം
ഒരു
നാട് അവര്‍ക്കുപിന്നില്‍
ഓടുന്നു
എന്റെ
അമ്മായിയും പയ്യും ഓടിയ
അതേ
വഴിയില്‍ അവള്‍ ഓടുന്നു
നാട്ടുകാരും
ഓടുന്നു
പാവം
എന്റെ ജെസിച്ചേച്ചിക്ക്
ഭ്രാന്താണ്
മറ്റൊരു ചീട്ടില്‍ നിന്ന്
മറ്റൊരു ചീട്ടില്‍ നിന്ന്
എന്റെ ജെസിച്ചേച്ചി ഇറങ്ങിവരുന്നു
ജെസിച്ചേച്ചിയുടെ
തുന്നല്‍ മുറിയില്‍
അവരെന്നെ
നെഞ്ചോട് ഇറുക്കിപ്പിടിച്ചിരിക്കുന്നു
അവരുടെ
നെഞ്ചിടിപ്പുകള്‍
റബര്‍പ്പന്തുകളായി
ഉരുണ്ടുരുണ്ട് പോകുന്നു.
ഞാന്‍
അതിനുപിന്നാലെ ഓടിപ്പോകുന്നു
മറ്റൊരുചീട്ടില്‍
നിന്ന്
മറ്റൊരു ജെസിച്ചേച്ചി ഇറങ്ങിവരുന്നു
അവളെ
പെണ്ണുകാണാന്‍ വന്നിരിക്കുന്നു
അവള്‍
തോട്ടില്‍ കുളിച്ച്
ജലവള്ളികള്‍
മാത്രമണിഞ്ഞ്
ഇതാ
നടന്നു വരുന്നു
കാണാന്‍
കാത്തിരിക്കുന്നവര്‍ക്കിടയിലൂടെ
കാണാന്‍
ഒന്നും ബാക്കിവെക്കാതെ
അവള്‍
നടന്നുപോകുന്നു
അവളുടെ
മുലകളിലേക്കോ
അവളുടെ
ഭഗരോമങ്ങളിലേക്കോ
അവളുടെ
പിന്‍ഭാഗത്തേക്കോ
അവളുടെ
നിസ്സംഗമായ കണ്ണുകളിലേക്കോ
എവിടേക്ക്
നോക്കേണ്ടൂ
എന്നൊരാശയക്കുഴപ്പത്തെ
അഴിച്ചുവിട്ട്
അവള്‍
പോകുന്നു
അകത്തെ
മുറിയിലെങ്ങോ മറയുന്നു
മറ്റൊരു
ചീട്ടില്‍ നിന്ന്
കുന്നുകള്‍ക്കു
മുകളില്‍
മേഘങ്ങളുടെ
മലനിരകള്‍ക്കിടയിലൂടെ
ശലഭങ്ങള്‍ക്കും
കിളികള്‍ക്കുമൊപ്പം
ഒരു ജെസിച്ചേച്ചി ഗ്ലൈഡറില്‍
പറന്നുപോകുന്നു
അവളുടെ
ചിത്രമാണ് പത്രത്തില്‍
ജോര്‍ജ്ജേട്ടന്‍
നോക്കി നില്‍ക്കുന്നത്
അവള്‍
പാരച്യൂട്ട് ചാടലില്‍
ദേശീയജേതാവ്
അവളുടെ
ചിരിയാണ് ഇപ്പോള്‍
എല്ലാ
വീടുകളിലും വെയിലായും നിലാവായും
പരക്കുന്നത്
മറ്റൊരു
ചീട്ടില്‍ എന്റെ ജെസിച്ചേച്ചി
ആ പഴയ
പ്രേമത്തില്‍ പെട്ട കഥ
നടക്കുന്നു
പ്രേമിക്കുകയെന്നാല്‍
കാമുകന്റേതായ
എല്ലാറ്റിനേയും
പ്രേമിക്കുകയെന്ന് അവള്‍
കാണിച്ചുതരുന്നു
കത്തോലിക്കയായ
ലിസിച്ചേച്ചി
പെന്തക്കോസ്തുകാരനായ
കാമുകനെ മാത്രമല്ല
പെന്തക്കോസ്തുസഭയേയും
പ്രേമിക്കുന്നു.
പ്രണയത്തിലും
വിശ്വാസത്തിലും
ഒരുപോലെ
ജ്ഞാനസ്നാനം ചെയ്യുന്നു
എതിര്‍പ്പുകളുടെ
ഒരു വീട്ടിലാണ് അവളുടെ പ്രേമം
സ്വന്തം
വീട് അവളെ തടവിലാക്കി
അവളുടെ
കാമുകന്‍ സ്വന്തം താടി പോലെ
അവളെ
ഉപേക്ഷിച്ചു.
പാവം
എന്റെ ജെസിച്ചേച്ചിക്ക്
വട്ടായി.
അതാ
ഓടിപ്പോകുന്നു അവള്‍
ആദ്യത്തെ
ചീട്ടില്‍ നിന്ന് അതാ....
No comments:
Post a Comment