Wednesday 15 August 2012

ജെസിച്ചേച്ചി



പറമ്പിലെ മരങ്ങള്‍
കാറ്റിന്റെതുന്നല്‍യന്ത്രം ചവിട്ടുന്നതിന്‍ ഒച്ചപ്പാട്
നിലാവ് വലിച്ചിട്ട് വലിച്ചിട്ട് അവ
പതിന്നാലാമത്തെയോ പതിനഞ്ചാമത്തെയോ രാത്രിക്ക്
ബോഡീസും ജമ്പറും തയ്ക്കുന്നു
അവള്‍
അവളുടെ മുറി
അവളുടെ തയ്യല്‍‌‌‌‌യന്ത്രം
അവള്‍ തയ്ച്ചു തീരാത്ത തുണികള്‍
പല നിറങ്ങളിലുള്ള വെട്ടുകഷ്ണങ്ങള്‍
എല്ലാം ഈ നിലാവുള്ള രാത്രിയുടെ ആകാശത്തില്‍ സാവകാശം നീങ്ങുന്നു
അവള്‍ നീണ്ടു നിവര്‍ന്നുകിടന്ന് നേരിയ പുഞ്ചിരിയോടെ ഉറങ്ങുന്നു
അവളുടെ കത്രിക തനിച്ചുചെന്ന് മേഘങ്ങളെ മുറിച്ചിടുന്നു
ഒരു ജലാശയത്തിനു മുകളിലെന്ന മട്ടില്‍ അവളുടെ ഉറക്കം
വെട്ടുകഷ്ണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്നു നീന്തുന്നു
തയ്ച്ചുകഴിയാത്ത തുണികള്‍ അവളോടൊപ്പം നീന്തുന്നു
അവള്‍ കുര്‍ബ്ബാന കഴിഞ്ഞ്
ഒരു ഞായറാഴ്ചയുടെ പള്ളിപ്പടി ഇറങ്ങിവരുന്നു
കുരിശിലേറ്റപ്പെട്ട ഒരു പ്രണയമാണവള്‍ക്ക് ക്രിസ്തു
കുരുമുളക് വള്ളികള്‍ക്കിടയില്‍
അവളോളം വലിപ്പത്തില്‍
അവളൊരു കുഴികുത്തുന്നു
അതില്‍ ഇറങ്ങിയിരുന്ന്
അവള്‍ ബൈബിള്‍ വായിക്കുന്നു


കുഴിവക്കില്‍ നാലുതലകള്‍
പ്രത്യക്ഷപ്പെടുന്നു.


--------------------------------------
എന്റെ ജെസിച്ചേച്ചി ഒരുകുത്ത് ചീട്ടാണ്


No comments:

Post a Comment